

കവിതകള്‍
1
രണ്ടു മടിയന്മാരുണ്ടായിരുന്നു,
ഒരു മനുഷ്യന്‍, ഒരു പൂവ്.
ചാലുകീറി
മണല്‍ലോറി വന്ന്
ഹോട്ടലുകള്‍ ചീഞ്ഞ സാധനങ്ങള്‍
പാതവക്കില്‍ കൊണ്ടിട്ട്
കുന്നിടിച്ച്
ഓട തുറന്ന്
ഇരുമ്പുകമ്പികള്‍ ഉയര്‍ന്നുനിന്ന്
ടാര്‍വീപ്പ ഉരുണ്ടുവന്ന്
ലോകം സ്വയം പണിഞ്ഞുകൊണ്ടിരിക്കുന്നതിന്നുള്ളില്‍
വലിയ മേല്‍പ്പാലത്തിന്റെ നിഴലില്‍
നീണ്ടുനിവര്‍ന്നുകിടക്കുന്ന ഒരു മനുഷ്യനെ
സൂര്യനു ചുറ്റും കറങ്ങുന്നതിനിടെ
ദിവസത്തില്‍ പലതവണ
ഞാന്‍ കണ്ടു.
പൂവ്, പാര്‍ക്കിലായിരുന്നു.
മറ്റുപൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന കൊടുംപകലില്‍
ഒരുപാടുവട്ടം കൂമ്പാന്‍ തുനിഞ്ഞുകൊണ്ടിരുന്ന
ആ പൂവിനെ
പാര്‍ക്കിനു പുറത്തെ
മിന്നല്‍പ്പിണരുപോലുള്ള തെരുവില്‍നിന്ന്
ദിവസത്തില്‍ അത്രതന്നെ തവണ
ഞാന്‍ നോക്കിക്കണ്ടു.
2
ആദ്യദിവസംതന്നെ മനസ്സിലായി
ആത്മഹത്യയാണ് ഈ നാട്ടിലെ
മുഖ്യവിനോദം.
ആറിനോടൊപ്പം താഴേയ്ക്കു കുതിക്കുന്ന കലയില്‍
വിദഗ്ദ്ധര്‍.
ഇത്ര അഴകുള്ള ഇവിടെ
ഇന്നുവന്ന എനിക്ക്
ഒറ്റക്കാരണമേ
ഇതിനു പറയാനുള്ളൂ.
പൂക്കളുടെ നിറം.
പൂക്കളുടെ നിറത്തിന്
കൊല്ലന്തോറും കടുപ്പം കൂട്ടുകയാണ്
ഇവിടുത്തെ മണ്ണെന്ന്
ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിന്നു
ഇവിടെക്കണ്ട മനുഷ്യമുഖങ്ങള്‍.
3
വയസ്സ്
ഭൂമി
സ്വന്തം പ്രായം കണക്കാക്കി
എഴുതിസ്സൂക്ഷിച്ചിരിക്കുന്നത്
ഇവിടെയാണ്.
കുറുമരക്കാട്ടില്‍
പൊങ്ങിക്കാണുന്ന കള്ളിത്തലപ്പുകള്‍
കൂട്ടിവായിച്ചുനോക്കൂ.
ഭൂമിയുടെ പ്രായമറിഞ്ഞു.
ഈ ഗ്രാമത്തിന്റെ വയസ്സോ?
മനുഷ്യന്റെ പ്രായം കുറിച്ചിട്ട
പുരാതനഗുഹയുണ്ട്
കുറച്ചുമാറി.
മനുഷ്യന്റെ പ്രായമറിഞ്ഞു.
എന്റെ വയസ്സ്
അളക്കാറായിട്ടില്ല.
കുറച്ചുകൂടിച്ചെന്നാല്‍
സര്‍ക്കാരാപ്പീസുകളായി.
കൃഷിയിടങ്ങളുടേയും കെട്ടിടങ്ങളുടേയും ഫയലുകള്‍
കക്ഷത്തുവെച്ച്.
ചോലക്കാട്ടില്‍
കൃഷിക്കളത്തില്‍
റോഡില്‍
പാലത്തില്‍
കെട്ടിടത്തിനുള്ളില്‍
വെച്ച്
നീണ്ടയാത്രകളുടെ നാള്‍വഴിക്കണക്കുകളെ
ആന ചവിട്ടിക്കൊന്നതില്‍പ്പിന്നെ
ഈ ഗ്രാമത്തിലെ ആരുടേയും വയസ്സ്
ആര്‍ക്കുമറിയില്ല.
വിട
വിട പറയാന്‍ സമയമായില്ല എന്നുതന്നെയാകട്ടെ.
ആര് ആരോടാണ് വിട പറയുന്നത്?
സുഹൃത്ത് സുഹൃത്തിനോട് വിട പറയുമോ?
പറയാന്‍ സാധിക്കുമോ? എന്നെങ്കിലും?
പിന്നെ ആരാണ് വിട പറയുന്നത്? പറയേണ്ടത്?
നമ്മെ ദ്രോഹിച്ചവരോട്, ചതിച്ചവരോട്,
നമ്മോടു നന്ദികേടു കാണിച്ചവരോട്==
അവര്‍ക്കു മാപ്പു കൊടുക്കാന്‍ പറ്റുമോ?
ഒരു ജീവിതത്തില്‍ ഒരിക്കലല്ലേ തെറ്റുപറ്റാന്‍ പാടുള്ളു?
തെറ്റിനോടാണു വിട പറയാവുന്നത്.
വിട പറയുമ്പോള്‍ മുഖം ശാന്തമായിരിക്കണം.
ശരീരം ഉടയരുത്
മുഖം ചുളിയരുത്
സ്വരം പതറരുത്
കറുത്ത മുടി നരയ്ക്കരുത്
നരച്ച മുടി കൊഴിയരുത്
വിട പറയുമ്പോള്‍ നിറഞ്ഞ യൗവനമായിരിക്കണം
എന്താണു പറയേണ്ട വാക്കുകള്‍?
ഇനിയും കാണാമെന്നോ?
ഇനിമേല്‍ ഇങ്ങോട്ടു വരണ്ടെന്നോ?
എന്തിനാണു വിടപറയുന്നതെന്നോ?
അതിനെപ്പറ്റിയൊക്കെ ചര്‍ച്ച ചെയ്ത്
വിട പറയാന്‍ മറന്നുപോയവരെ മറന്നുപോയോ?
എന്തിനാണു വെറുതെ വിട പറയുന്നത്?
ആരും ആരെയും വിട്ടുപോകുന്നില്ല.
ആരെ ആര്‍ക്ക് എന്തു പരിചയം?
വിട്ടുപോകുന്നില്ലെങ്കില്‍ പിന്നെന്തിനു വിട?
പക്ഷേ, ഇതൊരു ചടങ്ങാണു, സുഹൃത്തേ.
വിട പറയുന്നതില്‍ ഒരു രസമുണ്ട്
അതൊരനുഷ്ഠാനമാണ്
മനസിന് അതു ശാന്തി നല്‍കുന്നു
മുന്‍കൂര്‍ വിട പറഞ്ഞുവച്ചാല്‍
സമയത്തു മറന്നുപോയി എന്നു പരാതിപ്പെടേണ്ടിവരില്ല
ഇതാ നമുക്കു പരസ്പരം വിട പറയാം
അല്ലെങ്കില്‍ ഈ ഭൂമിയോട്, ഇന്നത്തെ സൂര്യനോട്==
ഇത്രയും പറഞ്ഞിട്ട് ഇനി വിട പറയാതിരുന്നാല്‍ മോശം.
(തൃശൂര്‍ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ പത്തുമണിപ്പൂക്കള്‍ എന്ന കവിതാസമാഹാരത്തില്‍ നിന്ന്)
പേരില്ലാക്കവിത
ആസ്പത്രിവിട്ട്
ഇന്നലെ വന്ന ഞാന്‍
രാവിലെ ഉണര്‍ന്നപ്പോള്‍
സൂര്യരശ്മി തിളങ്ങുന്ന
ഒരിളം മഞ്ഞുതുള്ളി
വായുവിന്റെ സ്ഫടികഞ്ഞരമ്പിലൂടെ
ഇടറിവീണ്
താഴേയ്ക്ക് ഊര്‍ന്നുപോകുന്നത്
കണ്ടു.
ഭ്രമിച്ചുപോയ എന്റെ ഏകാന്തത
പെട്ടെന്നു കൈ നീട്ടി
സ്ഫടികഞ്ഞരമ്പ്
വിരലില്‍ തടഞ്ഞു.
ഉണര്‍ന്നപ്പോള്‍
വീടിന്റെ പിന്നില്‍
കനത്തു കരിനീലിച്ച്
കൂര്‍ത്തുമൂര്‍ത്തുനിന്ന
കൊടുമുടികള്‍
സന്ധ്യയായതോടെ
സ്വര്‍ണ്ണരശ്മികള്‍ പാളിവീണതിനാലാവാം
ഒന്നൂതിയാല്‍ പാറിപ്പോകാവുന്ന
സുതാര്യമായ
പൊടിക്കൂനകളായി
കാണപ്പെട്ടു.
ഭ്രമിച്ചുപോയ എന്റെ ഏകാന്തത
ആ കൂനകളെ
മൃദുവായി ഒന്നൂതിനോക്കി.
മഴക്കാലം - സിന്ധു മനോഹരന്‍
പണ്ടൊക്കെ മഴക്കാലമായാല്‍
കുട നന്നാക്കാന്‍ ആളുകള്‍
വരുമായിരുന്നു.
അച്ഛന്റെ
നാടുനീളെ കടം വാങ്ങി
നടുവൊടിഞ്ഞ
കാലന്‍കുടയും
അമ്മയുടെ
പേരിനുമാത്രം പുറത്തിറങ്ങാറുള്ള
കമ്പി പൊട്ടി,
ചുളുങ്ങിയ വയറുള്ള
നരച്ച ശീലക്കുടയും
എന്റെ
അകത്തുനിന്നു നോക്കിയാല്‍
ആകാശം കാണുന്ന പുള്ളിക്കുടയും
ആരോഗ്യമുള്ള
പുതിയ കമ്പിയിലും
അയലത്തെ മറ്റേതെങ്കിലും
കുടയുടെ നിറമുള്ള തുണിയാല്‍
നാണം മറച്ചും
ഇനിയും നനഞ്ഞുകുതിരാന്‍
മടിയില്ലെന്നു മാനം നോക്കി
വിടര്‍ന്നു ചിരിച്ച്
പാടത്തേക്കും
പശുത്തൊഴുത്തിലേക്കും
പള്ളിക്കൂടത്തിലേക്കും
പുറപ്പെട്ടു പോവാറുണ്ട്.