Saturday, July 4, 2009

നഗ്നകവിതകള്‍ - കുരീപ്പുഴ ശ്രീകുമാര്‍

ജ്യോത്സ്യന്‍
ജ്യോത്സ്യന്റെ ഭാര്യയെ
കാണ്മാനില്ല.
ചന്ദ്രന്‍ അപഹരിച്ചോ
രാഹുവോ, കേതുവോ
തെക്കോട്ടു നടത്തിച്ചോ
ചൊവ്വ പിടിച്ചോ
ശനി മറച്ചോ
അയാള്‍
കവടി നിരത്തിയതേ ഇല്ല.
നേരേ നടന്നു
പോലീസ്‌ സ്‌റ്റേഷനിലേക്ക്.

രാഹുകാലം

ഒന്നര മണിക്കൂര്‍
അയാള്‍ പിടിച്ചുനിന്നു
രാഹുകാലത്തില്‍ 
മൂത്രമൊഴിക്കുന്നതെങ്ങനെ?
കുറെക്കാലമായപ്പോള്‍
ഡോക്ടറെ കാണേണ്ടിവന്നു
അന്നു തുടങ്ങി
ഗുളികകാലം.
-(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും)

കണ്ണീര്‍ക്കണം

വിരല്‍ത്തുമ്പിലെ
നനുത്ത ഒരു സ്പര്‍ശം,
കുസൃതി തന്‍
മുട്ടിന്‍ മുറിവിലെ
നേര്‍ത്ത ഉച്ച്വാസം,
മടിശീലയിലെ
കടലമിട്ടായിയുടെ മധുരം
കുഞ്ഞികൊലുസു
കിണിങ്ങിയപ്പോള്‍
കൂടെ തുള്ളിയ മാനസം,
അമ്മ തന്‍ ശാസനകളില്‍
ആശ്വാസം,
തേങ്ങുബോള്‍ കൂടെ
തേങ്ങിയ ഒരു ഹൃദയം,
മനസിന്‍ കോണില്‍
പൊടിഞ്ഞ കണ്ണീര്‍ക്കണം,
കലാലയമുററത്തേക്ക്
അഭിമാനമോടെ
ആനയിച്ച വിറച്ച ഒരു കൈ,
വര്‍ണശബളമായ
ഒരു മന്ജത്തില്‍
വിറങ്ങലിച്ച്ചു കിടന്ന
മെലിഞ്ഞ രൂപം,
എന്‍ കുരുന്നുകള്‍ക്ക്
വാല്സലിയത്തിന്‍
ഇത്തിരിമധുരം നല്‍കാതെ
മാഞ്ഞു പോയ ഓര്‍മ ,
പിതൃദിനത്തില്‍
അയവിറക്കാന്‍
സ്മൃതികളിനിക്കേറേ,
എങ്ങിലും അച്ഛാ......
കാരണമില്ലാതെ കരയുന്ന
ഭ്രാന്തന്‍ നിമിഷങളില്‍,
ചാരാന്‍ ഒരു നെഞ്ചില്ലാതെ
വലയുന്ന ഈ മകള്‍
തീര്‍ത്തും ഒരനാഥ....

മഴക്കാലം - സിന്ധു മനോഹരന്‍

പണ്ടൊക്കെ മഴക്കാലമായാല്‍
കുട നന്നാക്കാന്‍ ആളുകള്‍
വരുമായിരുന്നു.
അച്ഛന്റെ
നാടുനീളെ കടം വാങ്ങി
നടുവൊടിഞ്ഞ
കാലന്‍കുടയും
അമ്മയുടെ
പേരിനുമാത്രം പുറത്തിറങ്ങാറുള്ള
കമ്പി പൊട്ടി,
ചുളുങ്ങിയ വയറുള്ള
നരച്ച ശീലക്കുടയും
എന്റെ
അകത്തുനിന്നു നോക്കിയാല്‍
ആകാശം കാണുന്ന പുള്ളിക്കുടയും
ആരോഗ്യമുള്ള
പുതിയ കമ്പിയിലും
അയലത്തെ മറ്റേതെങ്കിലും
കുടയുടെ നിറമുള്ള തുണിയാല്‍
നാണം മറച്ചും
ഇനിയും നനഞ്ഞുകുതിരാന്‍
മടിയില്ലെന്നു മാനം നോക്കി
വിടര്‍ന്നു ചിരിച്ച്
പാടത്തേക്കും
പശുത്തൊഴുത്തിലേക്കും
പള്ളിക്കൂടത്തിലേക്കും
പുറപ്പെട്ടു പോവാറുണ്ട്.

എണീറ്റുപോകുന്നവരോട്‌ - പി രാമന്‍


എണീറ്റുപോകുമ്പോള്‍
ഒന്നു തിരിഞ്ഞുനോക്കുക;
നിങ്ങള്‍ ഇത്രകാലം
പതിഞ്ഞ്‌, ഉരഞ്ഞുപോയ
പരുപരുപ്പിനെ.

ഈ മിനുസം,
ഇനി ഞാന്‍ എങ്ങനെ സഹിക്കും?

പൊയ്ക്കൊള്ളിന്‍!
പക്ഷെ, എന്റെ പിറുപിറുപ്പ്‌
നിങ്ങളുടെ തൊട്ടുപിന്നില്‍ത്തന്നെയുണ്ട്‌.

'ഇരിക്കുമ്പോള്‍
ചന്തിചെന്ന്‌
നരകത്തില്‍ തട്ടട്ടെ' എന്ന്‌.

പരമദുഃഖം - അക്കിത്തം

ഇന്നലെപ്പാതിരാവില്‍ച്ചിന്നിയ പൂനിലാവില്‍
എന്നെയും മറന്നുഞാനലിഞ്ഞുനില്‍ക്കേ
താനേ ഞാനുറക്കനെപ്പൊട്ടിക്കരഞ്ഞുപോയി
താരകവ്യൂഹം പെട്ടെന്നുലഞ്ഞുപോയി!
കാരണം ചോദിച്ചില്ല പാതിരാക്കിളിപോലും
കാറ്റെന്‍ വിയര്‍പ്പുതുള്ളി തുടച്ചുമില്ല
ചാരത്തെ മരമൊറ്റപ്പാഴില പൊഴിച്ചില്ല
പാരിടം കഥയൊന്നുമറിഞ്ഞുമില്ല
കാലടിച്ചുവട്ടിലെപ്പുല്ലും കുലുങ്ങീലെ;ന്നാല്‍
കാര്യം ഞാനൊരാളോടും പറഞ്ഞുമില്ല!
എന്തെന്നെനിക്കുപോലും ചിന്തിക്കാന്‍ കഴിയാത്ത-
തെമ്മട്ടിലപരനോടുണര്‍ത്തിടാവൂ!

വൈകുന്നേരത്തെ പാര്‍ക്കില്‍ - ടി.പി.വിനോദ്

കുട്ടികള്‍ കളിക്കുന്ന
മുതിര്‍ന്നവര്‍ സൊറപറയുന്ന
വൈകുന്നേരത്തെ പാര്‍ക്കിലൊരിടത്ത്

ഇന്നലെ പെയ്തിട്ട്
ഇന്നും വറ്റാത്ത വെള്ളത്തില്‍
ഒരു കഷണം ആകാശം.

വെള്ളത്തിലെ ആകാശത്തില്‍
മേഘം നീന്തി നീങ്ങുന്നു.

കൈവിട്ട ഒരു കളിപ്പന്ത്
തെറിച്ചുതുള്ളി വരുന്നുണ്ട്.

ആകാശത്തേക്ക് വീഴുമോ പന്ത്?
വെള്ളത്തുള്ളികള്‍ക്കൊപ്പം
തെറിച്ചുപോകുമോ മേഘം?

ചെളിവെള്ളത്തില്‍ കളിച്ചതിന്
വഴക്കുകേള്‍ക്കുമോ കുട്ടി ?

Friday, July 3, 2009

പവിത്രന്‍ തീക്കുനി


    എന്നിട്ടും - പവിത്രന്‍ തീക്കുനി

    തി മധുരമായി

    നീയെന്നെ ചതിച്ചു,എങ്കിലും

    കവിത കൊണ്ടെന്റെ

    വിധിയെ വെല്ലുന്നു..

    അതി ലളിതമായി

    നീയെന്നെമുറിച്ചു

    എങ്കിലും

    ലഹരി കൊണ്ടെന്റെ

    മുറിവ് തുന്നുന്നു ഞാന്‍.


    ഞാനൊരു മുറിവാണ്,

    എങ്കിലും

    നീയതില്‍ താമസിക്കും.

    ഇരു ധ്രുവങ്ങളിലാണ് നാം

    എങ്കിലും

    ഒരു ദു:സ്വപ്നത്തിന്റെ

    ചരിവില്‍ വച്ച്

    നമ്മള്‍ കണ്ടുമുട്ടും

    മതില്‍ - പവിത്രന്‍ തീക്കുനി

    നിന്റെ വീടിന്‌

    ഞാന്‍ കല്ലെറിഞ്ഞിട്ടില്ല

    ഒരിയ്ക്കല്‍പ്പോലും

    അവിടത്തേയ്ക്കെത്തിനോക്കിയിട്ടില്ല

    നിന്റെ തൊടിയിലോ മുറ്റത്തോ

    വന്നെന്റെ കുട്ടികളൊന്നും നശിപ്പിച്ചിട്ടില്ല

    ചൊരിഞ്ഞിട്ടില്ല

    നിന്റെമേല്‍ ഞാനൊരപരാധവും

    ചോദ്യംചെയ്തിട്ടില്ല

    നിന്റെ വിശ്വാസത്തെ

    തിരക്കിയിട്ടില്ല

    നിന്റെ കൊടിയുടെ നിറം

    അടുപ്പെരിയാത്ത ദിനങ്ങളില്‍

    വിശപ്പിനെത്തന്നെ വാരിത്തിന്നപ്പോഴും

    ചോദിച്ചിട്ടില്ല നിന്നോട്‌ കടം

    എന്നിട്ടും

    എന്റെ പ്രിയപ്പെട്ട അയല്‍ക്കാരാ

    നമ്മുടെ വീടുകള്‍ക്കിടയില്‍

    പരസ്പരം കാണാനാകാത്തവിധം

    എന്തിനാണ്‌ ഇങ്ങനെയൊരെണ്ണം

    നീ കെട്ടിയുയര്‍ത്തിയത്‌?