Wednesday, May 20, 2009




കവിതകള്‍ - പി രാമന്‍

കവിതകള്‍


   

 

1

രണ്ടു മടിയന്മാരുണ്ടായിരുന്നു,

ഒരു മനുഷ്യന്‍, ഒരു പൂവ്‌.

 

ചാലുകീറി

മണല്‍ലോറി വന്ന്‌

ഹോട്ടലുകള്‍ ചീഞ്ഞ സാധനങ്ങള്‍

പാതവക്കില്‍ കൊണ്ടിട്ട്‌

കുന്നിടിച്ച്‌

ഓട തുറന്ന്‌

ഇരുമ്പുകമ്പികള്‍ ഉയര്‍ന്നുനിന്ന്‌

ടാര്‍വീപ്പ ഉരുണ്ടുവന്ന്‌

ലോകം സ്വയം പണിഞ്ഞുകൊണ്ടിരിക്കുന്നതിന്നുള്ളില്‍

വലിയ മേല്‍പ്പാലത്തിന്റെ നിഴലില്‍

നീണ്ടുനിവര്‍ന്നുകിടക്കുന്ന ഒരു മനുഷ്യനെ

സൂര്യനു ചുറ്റും കറങ്ങുന്നതിനിടെ

ദിവസത്തില്‍ പലതവണ

ഞാന്‍ കണ്ടു.

 

പൂവ്‌, പാര്‍ക്കിലായിരുന്നു.

മറ്റുപൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന കൊടുംപകലില്‍

ഒരുപാടുവട്ടം കൂമ്പാന്‍ തുനിഞ്ഞുകൊണ്ടിരുന്ന

പൂവിനെ

പാര്‍ക്കിനു പുറത്തെ

മിന്നല്‍പ്പിണരുപോലുള്ള തെരുവില്‍നിന്ന്‌

ദിവസത്തില്‍ അത്രതന്നെ തവണ

ഞാന്‍ നോക്കിക്കണ്ടു.

 

2

 

ആദ്യദിവസംതന്നെ മനസ്സിലായി

ആത്മഹത്യയാണ്‌ നാട്ടിലെ

മുഖ്യവിനോദം.

ആറിനോടൊപ്പം താഴേയ്ക്കു കുതിക്കുന്ന കലയില്‍

വിദഗ്ദ്ധര്‍.

ഇത്ര അഴകുള്ള ഇവിടെ

ഇന്നുവന്ന എനിക്ക്‌

ഒറ്റക്കാരണമേ

ഇതിനു പറയാനുള്ളൂ.

 

പൂക്കളുടെ നിറം.

 

പൂക്കളുടെ നിറത്തിന്‌

കൊല്ലന്തോറും കടുപ്പം കൂട്ടുകയാണ്‌

ഇവിടുത്തെ മണ്ണെന്ന്‌

ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിന്നു

ഇവിടെക്കണ്ട മനുഷ്യമുഖങ്ങള്‍.

 

3

വയസ്സ്‌

 

ഭൂമി

സ്വന്തം പ്രായം കണക്കാക്കി

എഴുതിസ്സൂക്ഷിച്ചിരിക്കുന്നത്‌

ഇവിടെയാണ്‌.

കുറുമരക്കാട്ടില്‍

പൊങ്ങിക്കാണുന്ന കള്ളിത്തലപ്പുകള്‍

കൂട്ടിവായിച്ചുനോക്കൂ.

 

ഭൂമിയുടെ പ്രായമറിഞ്ഞു.

ഗ്രാമത്തിന്റെ വയസ്സോ?

 

മനുഷ്യന്റെ പ്രായം കുറിച്ചിട്ട

പുരാതനഗുഹയുണ്ട്‌

കുറച്ചുമാറി.

 

മനുഷ്യന്റെ പ്രായമറിഞ്ഞു.

എന്റെ വയസ്സ്‌

അളക്കാറായിട്ടില്ല.

 

കുറച്ചുകൂടിച്ചെന്നാല്‍

സര്‍ക്കാരാപ്പീസുകളായി.

കൃഷിയിടങ്ങളുടേയും കെട്ടിടങ്ങളുടേയും ഫയലുകള്‍

കക്ഷത്തുവെച്ച്‌.

 

ചോലക്കാട്ടില്‍

കൃഷിക്കളത്തില്‍

റോഡില്‍

പാലത്തില്‍

കെട്ടിടത്തിനുള്ളില്‍

വെച്ച്‌

 

നീണ്ടയാത്രകളുടെ നാള്‍വഴിക്കണക്കുകളെ

ആന ചവിട്ടിക്കൊന്നതില്‍പ്പിന്നെ

 

ഗ്രാമത്തിലെ ആരുടേയും വയസ്സ്‌

ആര്‍ക്കുമറിയില്ല.

 

Saturday, May 16, 2009

വിട - അയ്യപ്പപ്പണിക്കര്‍

വിട


  

 

 

വിട പറയാന്‍ സമയമായില്ല എന്നുതന്നെയാകട്ടെ.

ആര്‌ ആരോടാണ്‌ വിട പറയുന്നത്‌?

സുഹൃത്ത്‌ സുഹൃത്തിനോട്‌ വിട പറയുമോ?

പറയാന്‍ സാധിക്കുമോ? എന്നെങ്കിലും?

പിന്നെ ആരാണ്‌ വിട പറയുന്നത്‌? പറയേണ്ടത്‌?

നമ്മെ ദ്രോഹിച്ചവരോട്‌, ചതിച്ചവരോട്‌,

നമ്മോടു നന്ദികേടു കാണിച്ചവരോട്‌==

അവര്‍ക്കു മാപ്പു കൊടുക്കാന്‍ പറ്റുമോ?

ഒരു ജീവിതത്തില്‍ ഒരിക്കലല്ലേ തെറ്റുപറ്റാന്‍ പാടുള്ളു?

തെറ്റിനോടാണു വിട പറയാവുന്നത്‌.

വിട പറയുമ്പോള്‍ മുഖം ശാന്തമായിരിക്കണം.

ശരീരം ഉടയരുത്‌

മുഖം ചുളിയരുത്‌

സ്വരം പതറരുത്‌

കറുത്ത മുടി നരയ്ക്കരുത്‌

നരച്ച മുടി കൊഴിയരുത്‌

വിട പറയുമ്പോള്‍ നിറഞ്ഞ യൗവനമായിരിക്കണം

എന്താണു പറയേണ്ട വാക്കുകള്‍?

ഇനിയും കാണാമെന്നോ?

ഇനിമേല്‍ ഇങ്ങോട്ടു വരണ്ടെന്നോ?

എന്തിനാണു വിടപറയുന്നതെന്നോ?

അതിനെപ്പറ്റിയൊക്കെ ചര്‍ച്ച ചെയ്ത്‌

വിട പറയാന്‍ മറന്നുപോയവരെ മറന്നുപോയോ?

എന്തിനാണു വെറുതെ വിട പറയുന്നത്‌?

ആരും ആരെയും വിട്ടുപോകുന്നില്ല.

ആരെ ആര്‍ക്ക്‌ എന്തു പരിചയം?

വിട്ടുപോകുന്നില്ലെങ്കില്‍ പിന്നെന്തിനു വിട?

പക്ഷേ, ഇതൊരു ചടങ്ങാണു, സുഹൃത്തേ.

വിട പറയുന്നതില്‍ ഒരു രസമുണ്ട്‌

അതൊരനുഷ്ഠാനമാണ്‌

മനസിന്‌ അതു ശാന്തി നല്‍കുന്നു

മുന്‍കൂര്‍ വിട പറഞ്ഞുവച്ചാല്‍

സമയത്തു മറന്നുപോയി എന്നു പരാതിപ്പെടേണ്ടിവരില്ല

ഇതാ നമുക്കു പരസ്പരം വിട പറയാം

അല്ലെങ്കില്‍ ഭൂമിയോട്‌, ഇന്നത്തെ സൂര്യനോട്‌==

 

ഇത്രയും പറഞ്ഞിട്ട്‌ ഇനി വിട പറയാതിരുന്നാല്‍ മോശം.

 

(തൃശൂര്‍ കറന്റ്‌ ബുക്സ്‌ പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ പത്തുമണിപ്പൂക്കള്‍ എന്ന കവിതാസമാഹാരത്തില്‍ നിന്ന്‌)

പേരില്ലാക്കവിത - പി രാമന്‍

പേരില്ലാക്കവിത


  

 

 

ആസ്പത്രിവിട്ട്‌

ഇന്നലെ വന്ന ഞാന്‍

രാവിലെ ഉണര്‍ന്നപ്പോള്‍

സൂര്യരശ്മി തിളങ്ങുന്ന

ഒരിളം മഞ്ഞുതുള്ളി

വായുവിന്റെ സ്ഫടികഞ്ഞരമ്പിലൂടെ

ഇടറിവീണ്‌

താഴേയ്ക്ക്‌ ഊര്‍ന്നുപോകുന്നത്‌

കണ്ടു.

 

ഭ്രമിച്ചുപോയ എന്റെ ഏകാന്തത

പെട്ടെന്നു കൈ നീട്ടി

സ്ഫടികഞ്ഞരമ്പ്‌

വിരലില്‍ തടഞ്ഞു.

 

ഉണര്‍ന്നപ്പോള്‍

വീടിന്റെ പിന്നില്‍

കനത്തു കരിനീലിച്ച്‌

കൂര്‍ത്തുമൂര്‍ത്തുനിന്ന

കൊടുമുടികള്‍

സന്ധ്യയായതോടെ

സ്വര്‍ണ്ണരശ്മികള്‍ പാളിവീണതിനാലാവാം

ഒന്നൂതിയാല്‍ പാറിപ്പോകാവുന്ന

സുതാര്യമായ

പൊടിക്കൂനകളായി

കാണപ്പെട്ടു.

 

ഭ്രമിച്ചുപോയ എന്റെ ഏകാന്തത

കൂനകളെ

മൃദുവായി ഒന്നൂതിനോക്കി.

 

മഴക്കാലം - സിന്ധു മനോഹരന്‍

മഴക്കാലം -  സിന്ധു മനോഹരന്‍



പണ്ടൊക്കെ മഴക്കാലമായാല്‍

കുട നന്നാക്കാന്‍ ആളുകള്‍

വരുമായിരുന്നു.

അച്ഛന്റെ

നാടുനീളെ കടം വാങ്ങി

നടുവൊടിഞ്ഞ

കാലന്‍കുടയും

അമ്മയുടെ

പേരിനുമാത്രം പുറത്തിറങ്ങാറുള്ള

കമ്പി പൊട്ടി,

ചുളുങ്ങിയ വയറുള്ള

നരച്ച ശീലക്കുടയും

എന്റെ

അകത്തുനിന്നു നോക്കിയാല്‍

ആകാശം കാണുന്ന പുള്ളിക്കുടയും

ആരോഗ്യമുള്ള

പുതിയ കമ്പിയിലും

അയലത്തെ മറ്റേതെങ്കിലും

കുടയുടെ നിറമുള്ള തുണിയാല്‍

നാണം മറച്ചും

ഇനിയും നനഞ്ഞുകുതിരാന്‍

മടിയില്ലെന്നു മാനം നോക്കി

വിടര്‍ന്നു ചിരിച്ച്

പാടത്തേക്കും

പശുത്തൊഴുത്തിലേക്കും

പള്ളിക്കൂടത്തിലേക്കും

പുറപ്പെട്ടു പോവാറുണ്ട്

ഏകലവ്യന്‍ - കുരീപ്പുഴ ശ്രീകുമാര്‍

   ഏകലവ്യന്‍

 

 

 

അമ്മവിരല്‍ ചോദിച്ച

നീചനാണെന്‍ ഗുരു

തിന്മയുടെ മര്‍ത്യാവതാരം.

ഇല്ലെങ്കിലെന്ത് വലംകൈ-

വിരല്‍? എനി-

യ്ക്കുള്ളതെന്‍ ഹൃദയപ-

ക്ഷത്തിന്നിടംവിരല്‍!

കൊല്ലാന്‍ വരട്ടെ

വരുന്ന മൃഗങ്ങളെ,

വെല്ലുവാനാണെന്റെ

ജന്മം.

 

Tuesday, May 5, 2009

അമ്പാടിയിലേക്കു വീണ്ടും - ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

ദാരുകന്‍:

 

പായുക പായുക കുതിരകളേ,

പരമാത്മാവിന്‍ തേരിതിനെ

സുദീര്‍ഘ വീഥിയില്‍ നയിയ്ക്ക നീളെ

സുഖിത സ്വപ്നം പോലെ.

 

"ദാരുക, ദാമോദരനൊപ്പം

വ്രജത്തിലോളം നീ പോണം

ആജ്ഞയല്ലൊരനുഗ്രഹമത്രേ

നമുക്കു തന്നൂ ബലരാമന്‍

മടുപ്പനത്രേ കൊട്ടാരം

അയത്ന സുലഭസുഖാഗാരം:

ഇടയ്ക്കു കണ്ണീരുപ്പുപുരട്ടാ

തെന്തിനു ജീവിതപലഹാരം!

വിരോധിമാരേ, നിങ്ങള്‍ക്കാ

യാശംസിപ്പൂ ഞാനിവയെ:

വിശപ്പൊരിക്കലുമേല്‍പിയ്ക്കാത്തൊരു

വിശേഷ ഭക്ഷണ വിഭവങ്ങള്‍;

വിയോഗമെന്തെന്നറിയാനരുതാ

ത്തവിഘ്നസിദ്ധപ്രണയങ്ങള്‍;

ഒരിറ്റു നിണവും വീഴാതഴകോ

ടൊഴിഞ്ഞു കിട്ടും വിജയങ്ങള്‍!

എനിയ്ക്കു രസമീ നിമ്നോന്നതമാം

വഴിയ്ക്കു തേരുരുള്‍ പായിക്കല്‍;

ഇതേതിരുള്‍ക്കുഴിമേലുരുളട്ടേ,

വിടില്ല ഞാനീ രശ്മികളെ.

എനിയ്ക്കു രസമത്യാസന്നോദയ

വികാര വിപ്ലവ ദൃശ്യങ്ങള്‍,

അഗാധഹൃദയ ഹ്രദമഥനോണ്മിത

സൗന്ദര്യ പ്രതിഭാസങ്ങള്‍.

നോറ്റിരിയ്ക്കും മങ്കകള്‍, തന്‍തന്‍

നൊമ്പരത്തെ കാണുകയായ്‌,

സ്വന്തം ജീവിതമൂല്യമടര്‍ത്തി

പ്പന്താടുകയായ്‌ ഗോകുലം!

ചാടുകളോടി വരുന്നകലെ

മാടിന്‍ നിരയുടെ പിന്നാലെ

രാജധാനിയ്ക്കിവയെത്തിപ്പൂ

ഗോരസങ്ങളെ വഴിപോലെ.

മുഷിഞ്ഞ കുത്തിയുടുപ്പു, തലേക്കെ,

ട്ടഴഞ്ഞൊരലസക്കുപ്പായം,

ഗോപ, കൊള്ളാം നിന്‍ കൈമുതലിന്‍

ഗോപനത്തിന്നീവേഷം.

സൂക്ഷ്മം ദാരുകനറിയാമേ

സൂക്ഷിപ്പിന്‍ കഥ നിങ്ങളുടെ;

അവന്റെ തേരിലിരിപ്പുണ്ടല്ലോ

ആനായര്‍കുലനിക്ഷേപം

ആര്‍തന്‍ ഭ്രുകുടി വിക്ഷേപം

പ്രപഞ്ചകഥതന്‍ സംക്ഷേപം

അസ്സമ്പത്തിന്നുടമകളത്രേ

ഗോപക്കുടിലുകള്‍ ബഹുചിത്രം!

ബാലകന്മാര്‍ കളിയാടീ,

കാലികള്‍ മേഞ്ഞു പുളച്ചോടീ

കാണും ശാദ്വലമേ, നീ നേടിയ

താരില്‍ നിന്നീ നീലിമയെ?

കറുകപ്പുല്‍ക്കൂമ്പുകളാലേ

കുളിര്‍ കോരുന്നൊരു മെയ്യോടേ

നിലനിര്‍ത്തുന്നൂ നിയ്യിപ്പോഴും

ചിലതിന്‍ വിമല സ്മരണകളെ.

കറുകപ്പുല്‍ക്കൂമ്പുകളാലേ

വൃന്ദാവനമടുലരുകളേ,

യുഷ്മല്‍ സൗരഭമുദ്വേലം

വരുന്നു തീരാദാഹത്തോടൊരു

കരിവണെ്ടന്നുടെ രഥമേറി.

പായുക, പായുക, കുതിരകളേ,

പരമാത്മാവിന്‍ തേരിതിനെ

പുരുസുഖവീഥിയില്‍ നയിയ്ക്ക നീളെ

പുഷ്യല്‍ സ്വപ്നം പോലെ.

 

ഗോപികമാര്‍:

 

രാജരഥത്തെപ്പായിച്ചെത്തും

സൂത, നിര്‍ത്തിയതെന്തേ നീ?

കാളിന്ദിയില്‍ നീരാടാന്‍ പോകും

ഞങ്ങള്‍, ഗോപപ്പെണ്ണുങ്ങള്‍.

അമ്മയെക്കാണാനാം പോവതു

ചിരപ്രതീക്ഷിതനിദ്ദേവന്‍;

താമസിപ്പിയ്ക്കരുതേ വെറുതേ,

ഞങ്ങളെയറിയില്ലിദ്ദേഹം.

മുക്തമാക്കീയൊട്ടിട ഞങ്ങടെ

ഭര്‍ത്തൃപുത്രപിതൃ ബന്ധം;

മാനുഷികത്വത്തിങ്കല്‍ നിന്നു

മുയര്‍ത്തുകയുണ്ടായൊരു ദേവന്‍.

അമ്മമാരി,ല്ലരിയ സഹോദരി

മാര,ല്ലച്ചികളല്ലാര്‍ക്കും,

അന്നു കാനന കേളീലോലകള്‍

ഞങ്ങളെയറിയില്ലിദ്ദേഹം.

രാവിന്‍ ഛായകള്‍, കാളിന്ദീ ജല

കാളിമ, കാട്ടിന്‍ പച്ചപ്പും

ഞങ്ങള്‍ക്കഭിമതചേല, സചേലകള്‍

ഞങ്ങളെയറിയില്ലിദ്ദേഹം

രാജരഥത്തെപ്പായിച്ചെത്തും

സൂത, നീയേ ശിക്ഷാര്‍ഹന്‍;

അന്ത:പുരമേ ദേവനു ലക്ഷ്യം,

അമ്പാടിയിലെന്തെത്തിച്ചൂ?

ദേവനെയും വിട്ടോടുകയാണോ

തേരേ, നീ നിലനിന്നാലും

ഗോപികാഹൃദയാന്തര്‍വേദിയി

ലക്രൂരന്റെ രഥം പോലെ!

മഹര്‍ഷിമാരേ,തെല്ലിട നിര്‍ത്തുക

ധര്‍മ്മശാസ്ത്രക്കുറിമാനം

പ്രപഞ്ച ധര്‍മ്മം മറ്റൊന്നാക്കുവി

നീശ്വരന്മാരേ!

ഇവിടെഗ്ഗോപികളശ്രുതപൂര്‍വ്വക

മാമൊരു നാടകമാടട്ടേ,

ഇവിടെ സ്വന്തം സങ്കല്‍പങ്ങളില്‍

ഞങ്ങടെ ലോകം പണിയട്ടേ.

കൃഷ്ണാ, മുന്നേപ്പോലേ നീയി

ക്കാളിന്ദീതടവിടപത്തില്‍

പ്രഭാതകിരണപ്പൂക്കള്‍ വിരിച്ചൊരു

കൊമ്പിലിരുന്നിക്കുളിര്‍കാറ്റില്‍

ഭ്രുകുടിതാളലയാന്വിതമാമൊരു

ഗാനം പാടുക വേണുവില്‍.

ചേലകളല്ലാ വാരിയെടുക്കുക

ഞങ്ങടെ ചേതന പാടേ,

നിന്നുടെ ചുറ്റും തൂക്കിക്കൊള്ളുക

സുമന്ദഹാസത്തോടെ:

വ്രീളാവിവശതയാലേ മിഴിയും

പൂട്ടി ഞങ്ങള്‍ കിടക്കുമ്പോള്‍

ഞങ്ങളെ മൂടുക, കാരുണ്യാത്മന്‍,

നിന്നോടക്കുഴല്‍ വിളിയാലേ

ക്ലാസ്റൂം - എം ആര്‍ വിഷ്ണുപ്രസാദ്

അഞ്ചാമത്തെ പീരീഡിന്റെ മധ്യത്തില്‍വെച്ച്

ചെറുപ്പക്കാരിയായ ടീച്ചര്‍

സ്പൈഡര്‍വുമണാകുന്നു.

അവര്‍ ചോക്കുപൊടി തൂത്തുകളഞ്ഞ്

ഭിത്തിയില്‍ അള്ളിപ്പിടിക്കുന്നു.

ക്ലാസ്റൂമിന്റെ നാലു ചുമരിലും

ഇഴഞ്ഞുനടക്കുന്നു.

അവരുടെ കാഴ്ചപ്പാടില്‍

ഞങ്ങള്‍ തലകീഴായ

മറ്റേതോ ജന്തുക്കളാകുന്നു.

ഭിത്തിയും മേല്‍ക്കൂരയും

ചേരുന്ന ബിന്ദുവില്‍ പറ്റിക്കിടന്ന്

അവര്‍ ഞങ്ങള്‍ക്കു ക്ലാസെടുക്കുന്നു.

അള്ളിപ്പിടിക്കുന്നതിന്റേയും

ഇഴയുന്നതിന്റേയും പ്രാധാന്യം

ഞങ്ങള്‍ക്കു മനസ്സിലാകുന്നു.

വിദ്യ ഞങ്ങളും പഠിക്കുന്നു.

അങ്ങനെ ക്ലാസ്റൂമിലെ

ബഞ്ചും കസേരകളും ശൂന്യമാകുന്നു.

ഞങ്ങള്‍ ടീച്ചര്‍ക്കൊപ്പം

ഭിത്തിയിലും മേല്‍ത്തട്ടിലുമൊക്കെ

ഇഴഞ്ഞുനടക്കുന്നു.

അവിടെയിരുന്ന്

പരസ്പരം കണക്കുചെയ്യുന്നു.

വല നെയ്യുന്നു, കവിത ചൊല്ലുന്നു, ഇരപിടിക്കുന്നു.

ഒടുക്കം ഞങ്ങളുടെ ക്ലാസ്റൂം

ഞങ്ങളുടെയുള്ളില്‍ത്തന്നെയുണ്ടെന്ന്

പിടികിട്ടുന്നു.

ആവശ്യം വരുമ്പോള്‍

ഇടതുവശത്തുള്ള ഭിത്തിയില്‍നിന്ന്

അലമാരയുടെ വക്കിലേയ്ക്ക്

വലിച്ചുകെട്ടുന്നുവെന്നു മാത്രം.

അതുകൊണ്ടാണ് ഞങ്ങള്‍

ഒന്നില്‍നിന്ന് എട്ടിലേയ്ക്കും

പതിനൊന്നില്‍നിന്ന് അഞ്ചിലേയ്ക്കും

രണ്ടില്‍നിന്ന് ആറിലേയ്ക്കുമൊക്കെ

എളുപ്പത്തില്‍ ജയിക്കുകയും

തോല്‍ക്കുകയും ചെയ്യുന്നത്.

ഞാന്‍ - കുഞ്ഞുണ്ണി

ഞാന്‍


 

 

 

കു

കഴിഞ്ഞാല്‍ ഞ്ഞു

ഞ്ഞു കഴിഞ്ഞാല്‍ ണ്ണി

കുവും ഞ്ഞുവും ണ്ണിയും കഴിഞ്ഞാല്‍ കുഞ്ഞുണ്ണി

കുഞ്ഞുണ്ണിയും കഴിഞ്ഞാലോ

 

 

 

ഞാനൊരു പൂവിലിരിക്കുന്നു

മറ്റൊരുപൂവിന്‍ തേനുണ്ടീടാന്‍ വെമ്പുന്നു.

 

 

കുന്നിക്കുരുവിലുമുന്നതനാണുഞ്ഞാ-

നെന്നൊരു തോന്നലെഴുന്നമൂലം

എള്ളിലുംചെറുതാണു ഞാനെന്ന വാസ്തവം

അറിയുന്നതില്ല ഞാനെള്ളോളവും

 

 

എന്‍മുതുകത്തൊരാനക്കൂറ്റന്‍

എന്‍നാക്കത്തൊരാട്ടിന്‍കുട്ടി

ഞാനൊരുറുമ്പിന്‍കുട്ടി

 

 

ഞാന്‍

ഞാനെന്നവാക്കിന്റെ

യൊക്കത്തിരിക്കയോ

വക്കത്തിരിക്കയോ

മുന്നിലിരിക്കയോ

പിന്നിലിരിക്കയോ

മേലെയിരിക്കയോ

താഴെയിരിക്കയോ

എള്ളിലെയെണ്ണപോ

ലാകെയിരിക്കയോ

അതോ

ഞാനെന്ന വാക്കായിരിക്കയോ

 

 

ഞാനെനിയ്ക്കൊരു ഞാണോ

ആണെങ്കിലമ്പേതാണ്‌

 

 

എനിക്കു ഞാന്‍ തെല്ലുമുപകരിക്കില്ലെ

ന്നതിനൊരു തെളിവുരച്ചീടുന്നു ഞാന്‍

ഒരുകരത്തിന്മേല്‍ ചൊറിയണമെന്നാ

ലതേ കരത്തിനു കഴിയില്ലല്ലോ

 

 

അയ്യോ എനിക്കെന്നെ വല്ലാതെ നാറുന്നുവല്ലോ

 

അയ്യോ എനിക്കെന്റെ മനസ്സില്‍നിന്നു

പുറത്തുകടക്കാനാവുന്നില്ലല്ലോ

 

അയ്യോ ഞാനെന്നെ എവിടെയോ

മറന്നുവച്ചുപോന്നിരിക്കുന്നുവല്ലോ

 

 

ഞാനൊരു കവിതക്കാരന്‍

കപട കവിതക്കാരന്‍

വികടകവിതക്കാരന്‍

എന്നാലും വിതക്കാരന്‍

 

 

ഞാനിനിയെന്നുടെയച്ഛനാകും

പിന്നെയമ്മയാകും

പിന്നെ മോനാകും മോളാകും

പിന്നെയോ

ഞാനെന്റെ ഞാനുമാകും

 

 

ഞാന്‍ വളയില്‍ വളയില്ല

വളപ്പൊട്ടില്‍ വിളയും

 

 

എനിക്കുതന്നെ കിട്ടുന്നൂ

ഞാനയയ്ക്കുന്നതൊക്കെയും

ആരില്‍നിന്നെതതേ നോക്കൂ

വിഡ്ഢിശ്ശിപ്പായിയീശ്വരന്‍

 

 

നീണ്ടവഴി

മഴക്കാലമൂവന്തി

ഞാനേകന്‍

 

 

കുഞ്ഞുണ്ണി എന്ന ഞാനോ

ഞാനെന്ന കുഞ്ഞുണ്ണിയോ

 

 

എന്റെപേരെന്റെ വേര്‌

 

 

എന്‍മനമെന്‍ മന

 

 

എനിക്കുള്ള കവിത ഞാന്‍തന്നെ

 

 

എന്നെത്തിന്നൊരു പുലിയെത്തിരയുകയാകുന്നൂ ഞാന്‍

 

എനിക്കുറങ്ങാനറിയില്ല

ഉണരാനൊട്ടുമറിയില്ല

 

കുഞ്ഞില്‍നിന്നുണ്ണുന്നോന്‍ കുഞ്ഞുണ്ണി

 

 

 

ഇത്തിരിയേയുള്ളൂ ഞാന്‍

എനിക്കുപറയാനിത്തിരിയേ

വിഷയവുമുള്ളൂ

അതുപറയാനിത്തിരിയേ

വാക്കുംവേണ്ടൂ

 

കൊട്ടാരം കാക്കുന്ന പട്ടിയാണല്ലോ ഞാന്‍

കേള്‍ക്കട്ടെ പട്ടീ നിന്‍ മേല്‍വിലാസം

 

എന്‍നാമമെന്നാമം

 

ഞാനുണര്‍ന്നപ്പോളെന്നെക്കണ്ടില്ല ഭാഗ്യം ഭാഗ്യം

 

പൊക്കമില്ലായ്മയാണെന്റെ

പൊക്കമെന്നറിയുന്നു ഞാന്‍

 

എനിക്കുണ്ടൊരു ലോകം

നിനക്കുണ്ടൊരു ലോകം

നമുക്കില്ലൊരു ലോകം

 

ഞാനാരുടെ തോന്നലാണ്‌

 

എന്നെപ്പെറ്റതു ഞാന്‍തന്നെ

 

ഞാനെന്ന കുഞ്ഞുണ്ണിയോ

കുഞ്ഞുണ്ണി എന്ന ഞാനോ

 

എന്നിലൂടെ നടക്കാനേ

എന്റെ കാലിനറിഞ്ഞിടൂ

 

ഞാനൊരു കാക്കവി

പെണ്ണര കണ്ടിട്ടില്ലാത്തതിനാലാവാം

കണ്ടുകഴിഞ്ഞാല്‍

ഞാനൊരരക്കവിയാമോ

അഥവാ

വെറുമൊരരയ്ക്കാക്കവിയാമോ

 

ഞാന്‍ ആധുനികോത്തരനല്ല

അത്യന്താധുനികനല്ല

ആധുനികനുമല്ല

വെറും ധുനികനാണ്‌

തനി ധുനികന്‍

 

ഞാനൊരു വാടകവീടാണ്‌

ആരുടെ

ആരാണിതില്‍ താമസിക്കുന്നത്‌

 

ഞാനെനിക്കു മരിക്കാനായ്‌

ജീവിക്കാമെന്നുവെയ്ക്കുക

എനിക്കു ജീവിച്ചീടാനാ

യാരുണ്ടൊന്നു മരിക്കുവാന്‍

 

ഞാനാകും കുരിശിന്മേല്‍

തറഞ്ഞുകിടക്കുകയാണു ഞാന്‍

എന്നിട്ടും ഹാ ക്രിസ്തുവായ്‌ തീരുന്നില്ല

 

ഞാനൊരു ദുഃഖം മാത്രം

 

ഞാനാം പൂവിലെ

ഞാനാം തേനും തേടിനടക്കും

ഞാനാം വണ്ടിനെ മാടിവിളിച്ചീടുന്ന

വിളക്കായ്‌ കത്തുകയാകുന്നൂ ഞാന്‍

 

ഇഞ്ഞാനിങ്ങനെയല്ലാതായാല്‍

ഇബ്രഹ്മാണ്ഡമിങ്ങനെയല്ലാതായീടും

അമ്പട ഞാനേ

 

എനിക്കു പൊക്കം കുറവാ

ണെന്നെപ്പൊക്കാതിരിക്കുവിന്‍

എനിക്കൂക്കു കുറവാ

ണെന്നെത്താങ്ങാതിരിക്കുവിന്‍

 

എനിക്കു വിശക്കുമ്പോളുണ്ണും ഞാന്‍

ദാഹിക്കുമ്പോള്‍ കുടിക്കും

ക്ഷീണിക്കുമ്പോളുറങ്ങും

ഉറങ്ങുമ്പോളെഴുതും കവിതകള്‍