Saturday, May 16, 2009

പേരില്ലാക്കവിത - പി രാമന്‍

പേരില്ലാക്കവിത


  

 

 

ആസ്പത്രിവിട്ട്‌

ഇന്നലെ വന്ന ഞാന്‍

രാവിലെ ഉണര്‍ന്നപ്പോള്‍

സൂര്യരശ്മി തിളങ്ങുന്ന

ഒരിളം മഞ്ഞുതുള്ളി

വായുവിന്റെ സ്ഫടികഞ്ഞരമ്പിലൂടെ

ഇടറിവീണ്‌

താഴേയ്ക്ക്‌ ഊര്‍ന്നുപോകുന്നത്‌

കണ്ടു.

 

ഭ്രമിച്ചുപോയ എന്റെ ഏകാന്തത

പെട്ടെന്നു കൈ നീട്ടി

സ്ഫടികഞ്ഞരമ്പ്‌

വിരലില്‍ തടഞ്ഞു.

 

ഉണര്‍ന്നപ്പോള്‍

വീടിന്റെ പിന്നില്‍

കനത്തു കരിനീലിച്ച്‌

കൂര്‍ത്തുമൂര്‍ത്തുനിന്ന

കൊടുമുടികള്‍

സന്ധ്യയായതോടെ

സ്വര്‍ണ്ണരശ്മികള്‍ പാളിവീണതിനാലാവാം

ഒന്നൂതിയാല്‍ പാറിപ്പോകാവുന്ന

സുതാര്യമായ

പൊടിക്കൂനകളായി

കാണപ്പെട്ടു.

 

ഭ്രമിച്ചുപോയ എന്റെ ഏകാന്തത

കൂനകളെ

മൃദുവായി ഒന്നൂതിനോക്കി.

 

No comments:

Post a Comment