Wednesday, May 20, 2009

കവിതകള്‍ - പി രാമന്‍

കവിതകള്‍


   

 

1

രണ്ടു മടിയന്മാരുണ്ടായിരുന്നു,

ഒരു മനുഷ്യന്‍, ഒരു പൂവ്‌.

 

ചാലുകീറി

മണല്‍ലോറി വന്ന്‌

ഹോട്ടലുകള്‍ ചീഞ്ഞ സാധനങ്ങള്‍

പാതവക്കില്‍ കൊണ്ടിട്ട്‌

കുന്നിടിച്ച്‌

ഓട തുറന്ന്‌

ഇരുമ്പുകമ്പികള്‍ ഉയര്‍ന്നുനിന്ന്‌

ടാര്‍വീപ്പ ഉരുണ്ടുവന്ന്‌

ലോകം സ്വയം പണിഞ്ഞുകൊണ്ടിരിക്കുന്നതിന്നുള്ളില്‍

വലിയ മേല്‍പ്പാലത്തിന്റെ നിഴലില്‍

നീണ്ടുനിവര്‍ന്നുകിടക്കുന്ന ഒരു മനുഷ്യനെ

സൂര്യനു ചുറ്റും കറങ്ങുന്നതിനിടെ

ദിവസത്തില്‍ പലതവണ

ഞാന്‍ കണ്ടു.

 

പൂവ്‌, പാര്‍ക്കിലായിരുന്നു.

മറ്റുപൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന കൊടുംപകലില്‍

ഒരുപാടുവട്ടം കൂമ്പാന്‍ തുനിഞ്ഞുകൊണ്ടിരുന്ന

പൂവിനെ

പാര്‍ക്കിനു പുറത്തെ

മിന്നല്‍പ്പിണരുപോലുള്ള തെരുവില്‍നിന്ന്‌

ദിവസത്തില്‍ അത്രതന്നെ തവണ

ഞാന്‍ നോക്കിക്കണ്ടു.

 

2

 

ആദ്യദിവസംതന്നെ മനസ്സിലായി

ആത്മഹത്യയാണ്‌ നാട്ടിലെ

മുഖ്യവിനോദം.

ആറിനോടൊപ്പം താഴേയ്ക്കു കുതിക്കുന്ന കലയില്‍

വിദഗ്ദ്ധര്‍.

ഇത്ര അഴകുള്ള ഇവിടെ

ഇന്നുവന്ന എനിക്ക്‌

ഒറ്റക്കാരണമേ

ഇതിനു പറയാനുള്ളൂ.

 

പൂക്കളുടെ നിറം.

 

പൂക്കളുടെ നിറത്തിന്‌

കൊല്ലന്തോറും കടുപ്പം കൂട്ടുകയാണ്‌

ഇവിടുത്തെ മണ്ണെന്ന്‌

ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിന്നു

ഇവിടെക്കണ്ട മനുഷ്യമുഖങ്ങള്‍.

 

3

വയസ്സ്‌

 

ഭൂമി

സ്വന്തം പ്രായം കണക്കാക്കി

എഴുതിസ്സൂക്ഷിച്ചിരിക്കുന്നത്‌

ഇവിടെയാണ്‌.

കുറുമരക്കാട്ടില്‍

പൊങ്ങിക്കാണുന്ന കള്ളിത്തലപ്പുകള്‍

കൂട്ടിവായിച്ചുനോക്കൂ.

 

ഭൂമിയുടെ പ്രായമറിഞ്ഞു.

ഗ്രാമത്തിന്റെ വയസ്സോ?

 

മനുഷ്യന്റെ പ്രായം കുറിച്ചിട്ട

പുരാതനഗുഹയുണ്ട്‌

കുറച്ചുമാറി.

 

മനുഷ്യന്റെ പ്രായമറിഞ്ഞു.

എന്റെ വയസ്സ്‌

അളക്കാറായിട്ടില്ല.

 

കുറച്ചുകൂടിച്ചെന്നാല്‍

സര്‍ക്കാരാപ്പീസുകളായി.

കൃഷിയിടങ്ങളുടേയും കെട്ടിടങ്ങളുടേയും ഫയലുകള്‍

കക്ഷത്തുവെച്ച്‌.

 

ചോലക്കാട്ടില്‍

കൃഷിക്കളത്തില്‍

റോഡില്‍

പാലത്തില്‍

കെട്ടിടത്തിനുള്ളില്‍

വെച്ച്‌

 

നീണ്ടയാത്രകളുടെ നാള്‍വഴിക്കണക്കുകളെ

ആന ചവിട്ടിക്കൊന്നതില്‍പ്പിന്നെ

 

ഗ്രാമത്തിലെ ആരുടേയും വയസ്സ്‌

ആര്‍ക്കുമറിയില്ല.

 

No comments:

Post a Comment