Saturday, May 16, 2009

മഴക്കാലം - സിന്ധു മനോഹരന്‍

മഴക്കാലം -  സിന്ധു മനോഹരന്‍



പണ്ടൊക്കെ മഴക്കാലമായാല്‍

കുട നന്നാക്കാന്‍ ആളുകള്‍

വരുമായിരുന്നു.

അച്ഛന്റെ

നാടുനീളെ കടം വാങ്ങി

നടുവൊടിഞ്ഞ

കാലന്‍കുടയും

അമ്മയുടെ

പേരിനുമാത്രം പുറത്തിറങ്ങാറുള്ള

കമ്പി പൊട്ടി,

ചുളുങ്ങിയ വയറുള്ള

നരച്ച ശീലക്കുടയും

എന്റെ

അകത്തുനിന്നു നോക്കിയാല്‍

ആകാശം കാണുന്ന പുള്ളിക്കുടയും

ആരോഗ്യമുള്ള

പുതിയ കമ്പിയിലും

അയലത്തെ മറ്റേതെങ്കിലും

കുടയുടെ നിറമുള്ള തുണിയാല്‍

നാണം മറച്ചും

ഇനിയും നനഞ്ഞുകുതിരാന്‍

മടിയില്ലെന്നു മാനം നോക്കി

വിടര്‍ന്നു ചിരിച്ച്

പാടത്തേക്കും

പശുത്തൊഴുത്തിലേക്കും

പള്ളിക്കൂടത്തിലേക്കും

പുറപ്പെട്ടു പോവാറുണ്ട്

No comments:

Post a Comment