Sunday, April 12, 2015

വീടുമാറ്റം : സച്ചിദാനന്ദന്‍

ഇല്ല വരുന്നില്ലുറക്കം പ്രിയേ, പ്രിയേ,
ചൊല്ലുവതെങ്ങിനെയെന്നുടെയാധികള്‍?

ആരുടെ കാലടികാണുന്നൂ ഞാന്‍ തൂത്തൂ-
വാരിയമുറ്റത്തുമണ്ണില്‍ പുലരിയില്‍?
ആരൊഴുക്കും ചോരയാലെന്‍ തലയിണ
പാതിരാതോറും കുതിര്‍ന്നൊട്ടിവീര്‍ക്കുന്നൂ?
ആരുടെ ബാധയകറ്റുവാന്‍ നെറ്റിയാല്‍ 
പാലമേലാണിയടിച്ചു കേറ്റുന്നു നാം?
ആരറിയുന്നു ചേര്‍ പുത്തിരിച്ചോറി,ലാ-
രാരകത്തന്യമാം ഭാഷമൊഴിയുവോന്‍?
ആരെന്റെ വാക്കിന്റെയര്‍ത്ഥങ്ങള്‍ ചോര്‍ത്തുവോന്‍
ആരെന്റെ ക്രിയകള്‍ കുടുച്ചുവറ്റിക്കുവോന്‍

ഇല്ല,വരുന്നില്ലുറക്ക,മെന്നൂരല്ലി-
തല്ലിതെന്‍ വീട്‌, ഞാനല്ലയെന്‍ മേനിയില്‍

ഇന്നലെക്കൂടിയും കഴിഞ്ഞിങ്ങു
വന്നപ്പോഴോര്‍ക്കതെപോയി ഞാനോമനേ
മുമ്പു നാം പാര്‍ത്തൊരപ്പച്ചയാം വീടിന്റെ-
യുമ്മറത്തോളം,കുളിച്ചുമാമ്പൂവില്‍ ഞാന്‍
പത്തിവിടര്‍ത്തുന്ന ചെമ്പകപ്പൂമണം 
കൊട്ടച്ചെടികളില്‍ ചുറ്റിപ്പിണയവേ
പട്ടില്‍ പൊതിഞ്ഞൊരു ദേവിയെപ്പോല്‍ തന്റെ
തട്ടകത്തില്‍ തണല്‍ വീശിപൂവാകകള്‍

ഇല്ല വരുന്നില്ലുറക്കമെന്‍ വേരുകള്‍ 
വിങ്ങുന്നു, മുങ്ങിമരിക്കുന്നു ശൈശവം.

പച്ചവയല്‍ ചിറകേറ്റിയ 
തത്തകള്‍ 
അത്തിയെപ്പാണനായ്‌ മാറ്റിയ മൈനകള്‍ 
നീലയാം ശക്തിയാല്‍ വാനിലുയരുവോ-
നൂണിന്‍ തളികയാം നൈതലാമ്പല്‍ക്കുളം
കുന്നിന്‍ പുറത്തു പറന്നു മന്ദാരങ്ങള്‍
പോന്നിന്‍ ചിലങ്ക കിലുക്കീ തകരകള്‍
നെല്ലറവാതില്‍ തുറക്കെയെത്തും മണം
നമ്മെത്തലോടി,പിതാമഹര്‍-കര്‍ഷകര്‍-
തന്നൂഷ്മളോച്‌ഛ്വാസമാ,യവര്‍ തന്‍ കൈകള്‍
കൊന്നയ്ക്കു കൊമ്പായ്‌,ചൊരിഞ്ഞു തേന്‍നെഞ്ചൂകള്‍
കണ്ടഫലങ്ങളിലൊക്കെ,നിറച്ചുനീര്‍
കണ്ണൂകള്‍ കാറ്റില്‍, കരിമ്പിന്‍ സിരകളില്‍.

ഇല്ല വരുന്നില്ലുറക്കം പ്രിയേ, ഇങ്ങു
വന്നത്തിപ്പിന്നെനാം വൃദ്ധരായെത്രമേല്‍!

ഈ വീട്ടിലില്ല തേന്‍ കൂടും കുടപ്പനും
ശീലമായ്‌ കയ്‌പുകള്‍,തുപ്പിക്കളയുന്നു.
ഞാന്‍ മധുരങ്ങള്‍, വിഷംനിറഞ്ഞത്രമേല്‍
വായില്‍,മനസില്‍,രക്തത്തി,ലീണങ്ങളില്‍
ഈ വീട്ടിലില്ല മുക്കുറ്റിതന്‍ പൂക്കളില്‍ 
വീണുപൊന്നാവുന്ന പുള്ളുവന്‍ പാട്ടുകള്‍,
ഇല്ലപറന്നുയരുന്നമെതിയടി
ഇല്ലനാടന്‍ മലയാളത്തിലച്‌ഛന്റെ
നല്ലമൊഴിയില്‍ ചുരത്തുമകിടുകള്‍ -
പൊങ്ങും കദളികള്‍-പാടുമുറവകള്‍
നിര്‍ത്തീ മൃഗങ്ങള്‍ സംസാര,മീമുറ്റത്തി-
ലെത്തിനോക്കില്ല പൂരങ്ങള്‍, പുള്ളുകള്‍ 

ഇല്ലവരുന്നില്ലുറക്കം പ്രിയേ,കൊണ്ടു
വന്നൂ പിതൃസ്വമായീ വീട്ടിലെന്തു നാം?

വര്‍ണ്ണധര്‍മ്മങ്ങള്‍ തന്‍ ഗര്‍വങ്ങള്‍,ഊമയായ്‌
പെണ്ണിനെ മാറ്റും സ്മൃതികള്‍,പറയനെ-
ത്തീണ്ടിയാല്‍ വീണുപോം സ്വര്‍ണ്ണദന്തങ്ങളാം
പുണ്യങ്ങള്‍,അന്തിക്കിരതേടിയന്യന്റെ
പെണ്ണിനെത്തിന്ന വായ്‌ 
ശുദ്ധമാക്കാനുണര്‍-
ന്നെന്നും കുലുക്കുഴിയും വേദമന്ത്രങ്ങള്‍,
കോണകവാലിന്റെ നീളത്തിനാലള-
ന്നീടും തറവാട്ടുമേന്മകള്‍,മച്ചിലെ-
ദ്ദൈവങ്ങളെച്ചൂഴ്ന്നുനില്‍ക്കുന്ന രാത്രികള്‍,
ചോരമണക്കും വിരുന്നു മുറിയിലെ
മാനിന്‍ തലകള്‍,കിരാതശിരസ്സുകള്‍,
ഗോപിക്കുറികള്‍,മുറുക്കിച്ചുവപ്പിച്ച
ശ്ലോകത്തിലാടിക്കുഴഞ്ഞുണ്ണിയാടികള്‍,
ഭക്തിപൂര്‍വം തിത്യപാരായണത്തിന്നു
യുദ്ധകാണ്ഡങ്ങള്‍, സിദ്ധാര്‍ത്ഥദഹനങ്ങള്‍
വേളിച്ചരടില്‍ തളഞ്ഞുപോം വീര്യങ്ങള്‍
വേലിവഴക്കില്‍ ശമിക്കുമുറുമികള്‍
ഭാഗിച്ചുകിട്ടീ നമുക്കു: നെല്ലിപ്പൂക്കള്‍
പോയതെ, ങ്ങെങ്ങു പൂച്ചപ്പഴക്കാടുകള്‍

ഇല്ലവരുന്നില്ലൂറക്കം പ്രിയേ,'കാട്ടു
പുല്ലുക'ളെന്നീയുലകിന്‍ പതികളാം?
എങ്ങു കുന്തം പോലെ കൂര്‍പ്പിച്ചൊരിച്‌ഛകള്‍?
എങ്ങൂ കൊറിച്ച്യപ്പടനിലപ്പച്ചകള്‍?

പൊള്ളുകയാണുള്ളൂ
നമ്മളെപ്പെറ്റൊര-
ത്തള്ളപ്പറയി-
യ്‌ക്കുറങ്ങരുതാമേ ! (1987)

ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു : സച്ചിദാനന്ദന്‍

ഒടുവില്‍ ഞാനൊറ്റയാകുന്നു
ചുമലിലിരുന്നാ മഴപക്ഷി പാടിയ
വിറയാര്‍ന്ന പാട്ട് തോരുന്നൂ
ഒരു ഗ്രാമ വിധവപോലിലകൊണ്ട് തലമൂടി
മെലിവാര്‍ന്ന കാറ്റു പോകുന്നു
തെളിവാനില്‍ ഒരു കിളിക്കൂട്ടം തൊടുത്തു-
വിട്ടരളിതന്‍ ഞാണ്‍ വിറക്കുന്നു
ഒരു കച്ചു ചാലായ് വറ്റുന്നു മാനവും
ഒടുവില്‍ ഞാനൊറ്റയാകുന്നൂ
ഒടുവില്‍ ഞാനൊറ്റയാകുന്നു
തെരുവിലേക്കെറിയുന്നു ചോരയും ദൈന്യവും
ഒരു കൊച്ചു പന്തു പോലെന്നെ
മതമോഹകാമപീഢിതരായി
ഷുദ്ധാര്‍ത്ഥരായലയുന്നു രോഗികള്‍, മനുഷ്യര്‍
ചിലര്‍ നാലുചക്രത്തില്‍,
ചിലര്‍ രണ്ടില്‍ ചിലര്‍ കാലില്‍
ഇതൊരാശുപത്രിയിടനാഴി.
ഇണകാത്ത്, തുണകാത്ത്
വിധികാത്ത്, മൃതികാത്ത്
തലതല്ലിയാര്‍ത്ത് തെറി ചൊല്ലി,
മീനിന്നു വിലപേശി ജീവനു വിലപേശി
നാടിനു വിലപേശി നില്‍‌പ്പോര്‍.
ശവവണ്ടി പോലീച്ചയാര്‍ക്കും മുഖങ്ങളില്‍
മരവിച്ച് വീര്‍ത്ത സ്വപ്നങ്ങള്‍
ഒരു കൊച്ചുപുല്ലിന്‍‌റെ തണലില്ല പൂവില്ല
കിളിയും കിളിപാട്ടുമില്ല
ഗണനായകന്‍ മാത്രമമറുന്നു
പുലരിയെ സമരോഗ്രഭൂമിയെ പറ്റി
ഇരകള്‍ക്കു മീതെ പറക്കും പരുന്തുപോല്‍
അവന്‍ ആര്‍ത്തു ചുറ്റുന്നു വാക്കില്‍
വെറുതെയീ അധികാര മോഹിതന്‍ പ്രലോഭനം
പറയുന്നു ഖിന്നനൊരു ഭ്രാന്തന്‍
ഒരു സൂര്യനും ഉദീപ്പീല നിങ്ങള്‍ക്ക്
തളിര്‍ കരിയുന്ന നട്ടുച്ചയൊഴികെ
വരവില്ല ഒരു സ്വര്‍ഗ്ഗ ദൂതനും
പൈതലിന്‍ നിണമാര്‍ന്ന കൊക്കു നീട്ടാതെ
പിരിയുന്നു പിരിയുന്ന തൂക്കുകയര്‍പോല്‍ യോഗം
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നൂ
ഒടുവില്‍ ഞാന്‍ ഒറ്റയാകന്നു
കലപില കലമ്പുന്ന ശിഷ്യര്‍ക്കിടക്ക് ഞാന്‍
മണിയടിക്കൊപ്പമെത്തുന്നു
കവിത പകുക്കേണമിവരുമായി
തീന്മേശ കുടില കഠിനമീയപ്പം
അടകല്ലിലെന്നപോല്‍ ചടുലമത് താടിയെല്ലിടയില്‍
എന്‍ വചനമൊരു കൂടം
തടവുമുറിയീമുറി യജമാനഭാഷയില്‍
മൊഴിയുമൊരു കാവലാളീഞാന്‍.
അറവുമൃഗങ്ങളിവര്‍ക്ക്മേല്‍ കത്തിപോല്‍
കവിതതന്‍ ക്രൂരമാം കരുണ
പുഴകള്‍ നിലാവുകള്‍ കളികള്‍
ബാല്യത്തിന്‍‌റെ ഇലകള്‍
നാടോടിയീണങ്ങള്‍
ഒരുപിടി ചാരമായമരും ശിലാകലശം
ഇവരുടെ മാറില്‍ തുടിപ്പൂ
കടലാസുപൂക്കളില്‍ മധുതേടിയുഴറുന്ന
ശലഭങ്ങളതിലെന്‍‌റെ വരികള്‍
മണിയൊച്ച വാളു പോല്‍ പിളരുന്നു ഞങ്ങളെ
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നൂ
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു
വരവായി മിത്രങ്ങള്‍ ഉയരുന്ന ശബ്ദത്തില്‍
വിറകൊള്‍വു മുറിയിലെന്‍ ബുദ്ധന്‍
കവിതയും കരുണയും കിനിയാത്ത
ഹൃദയത്തിലുറവ വറ്റീടും വിപ്ലവങ്ങള്‍
കഠിനമാം യുക്തിതന്‍ ചക്രത്തിലരയുന്ന
ഹരിതമാനവികത സത്യങ്ങള്‍
അരിയേത് അണിയേത് നാടിന്‍‌റെ
അകമേതതറിയാതെ ഒലിച്ചുപോം രക്ത
ഇളകാത്ത മണ്ണില്‍ വേരോടാതഹന്തയാല്‍
മുരടിച്ച മോചനോത്സാഹം
ഉയരുന്നു തേങ്ങലിന്‍ തിരകള്‍ പോല്‍
സംസാരം ഉണരാത്ത ഭൂമിതന്‍ മീത
വ്യസനം പുളിപ്പിച്ച വാക്ക്
വാത്മീകിതന്‍ പഴയോരടുപ്പില്‍ വേവിച്ചും
ഒരു ചിരി തന്‍ കതിര്‍ കൊക്കില്‍വച്ചരികിലെ കരതന്‍
കിനാവു കൂര്‍പ്പിച്ചും പിരിയുന്നു മിത്രങ്ങള്‍
പാല്‍ പോല്‍ പകല്‍ പിരിഞ്ഞ്
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്ന
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു.
ഇരുളെത്തി കുഞ്ഞുങ്ങള്‍ കളി നിര്‍ത്തി
അവര്‍കാണെ വളരുന്നു വളരുന്നു ഭയവും
ചെറുമിഴികള്‍ പിളരുമോ വേതാള നൃത്തങ്ങള്‍
ചെറുചെവിയില്‍ അലറുമോ രക്തം
ചെറുകഴല്‍ കടയുമോ പാതകൾകടല്‍താണ്ടി
ചെറുകുടല്‍ കീറുമോ വ്യാള
യമവൃക്ഷ ശിഖിരങ്ങള്‍, പോര്‍വ്വിമാനങ്ങള്‍-
തന്നിലകള്‍ തീമഴ പോലെ വീഴ്കെ
മരണം മരണമെന്നെഴുതി പരക്കുന്ന
പുകയേറ്റ് തളരുമോ പ്രാണന്‍.
മതി നിര്‍ത്ത കടലടിക്കളയില്‍ കുരുങ്ങി ഞാന്‍
ഉഴറുന്നു ശ്വാസമില്ലാതെ
ഒരു തുരുത്തായിതാ പ്രിയതമ
അവളിലുണ്ടതിപുരാതന സ്വാന്തനങ്ങള്‍
കടുവയും മുയലുകളും അലയും വനങ്ങള്‍
വന്‍ മുനികള്‍ തപം കൊണ്ട ഗുഹകള്‍
മുകിലുരുമ്മും പീഢഭൂമികള്‍
ആദ്യമായ് പുലരിയുറന്ന താഴ്വരകള്‍.
പടഹങ്ങളുണരുന്ന രണഭൂമികള്‍
ബലിതന്‍ ഋതുക്കള്‍ പിതൃക്കള്‍.
വ്രതഭക്ത കൃഷ്ണകള്‍ പ്രഥമ ഗോത്രങ്ങള്‍തന്‍
വ്രണിതോഗ്ര നൃത്താരവങ്ങള്‍
അജപാല ഗീതങ്ങള്‍ പരിത്രതന്‍ താളങ്ങള്‍
അനിരുദ്ധ ജനജാഗരങ്ങള്‍
അവളുടെ മണല്‍‌തട്ടിലെത്തി ഞാന്‍ തിരയുന്നു
അഭയമാം സ്നേഹാര്‍ദ്ര ഭൂവില്‍
അവളിലേക്കൂളിയിടുന്നു ഞാന്‍
ഉത്സവ നടുവിലേക്കൊരു കുട്ടി പോലെ
കൊടിമേളം അമ്മ ദൈവത്തിനു കുരുതികള്‍
ചെവിയാട്ടുമാനകള്‍ നിറങ്ങള്‍
പെരിയൊരാള്‍ക്കൂട്ടത്തിലാണ്ടു വിയര്‍ത്തു ഞന്‍
ഉയരുന്നു രാപാവില്‍ തന്നില്‍
പിറുപിറുക്കുന്നു തകര്‍ന്ന ബാബേലിന്‍‌റെടിയില്‍
ഞെരിഞ്ഞ പോല്‍ ഞങ്ങള്‍
ചിരിയോടെ പറയുന്നു ഞാന്‍
മര്‍ത്യവംശത്തിനവസാന ദമ്പതികള്‍ നമ്മള്‍
ഈയുള്ളിലിവള്‍ തേങ്ങുന്നു ദുഃസ്വപ്ന വീഥികളില്‍
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു
അരുതരുത് പറയരുത് നാം നാല്‍‌വര്‍
നാംനൂറ് നാം നൂറുലക്ഷങ്ങളല്ലോ
പറയുന്നതാരാണതാരാണുണര്‍ന്നതെന്‍
ചെറുമക്കള്‍, ചെറുമക്കളല്ല
കരയുന്നതെന്തിന്നു കാലത്തിലെവിടെയോ
പുതുവംശമൂറിതുടിക്കേ
മിഴിയോര്‍ക്ക മിഴിയോര്‍ക്ക രശ്മിപോല്‍
ചെറുകൈകള്‍ ഉയരുന്നു ഈ നിശക്കെതിരെ
ചെവിയോര്‍ക്ക ചെവിയോര്‍ക്ക തിരപോല്‍
കുരുന്നുകാലുയരുന്നിതസുരനു മീതെ
കരളോര്‍ക്ക കരളോര്‍ക്കിളം കണ്ഠനാള-
ങ്ങളൊരുമിക്കുമാഗ്നേയ രാഗം
അരുതരുത് യുദ്ധങ്ങള്‍ കരയരുത് തെരുവുകളി-
ലരുവിയായ് ദളിതര്‍തന്‍ രക്തം
അരുതിനിയും അമ്മക്ക് പശിയും
അച്ഛനു തൂക്കുമരവുമരുളുന്ന രണനൃത്തം
അരുതരുത് ഉയരുമീ മുഷ്ടിതന്‍രുഷ്ട-
ബോധികളെയരിയും മഹാ ദുരധികാരം
അരുതിനി ഖനികളില വനങ്ങളില്‍
മനങ്ങളില്‍ യമപൂജചെയ്യുന്ന ലോഭം
ഞാനൊറ്റയാകുന്നതെങ്ങിനെ കിടാങ്ങളേ
ഈ ഭൂമി വൃദ്ധയാവോളം
ഊര്‍ദ്ധ്വബാഹുവൊരാള്‍ അനീതിയാലസ്വസ്ഥം
ആത്മാവില്‍ നിലവിളിപ്പോളം
അലിവിന്‍‌റെ പകല്‍ പിരിഞ്ഞൊടുവിലാ
സ്വതന്ത്രപഥികനും ഇരുട്ടില്‍ വീഴുവോളം
ഞാനൊറ്റയാകുന്നതെങ്ങിനെ കിടാങ്ങളേ
ഞാനൊറ്റയായ് പോകുവോളം
ഞാനൊറ്റയായ് പോകുവോളം

നന്ദിതയുടെ കവിതകള്‍

എന്നെ അറിയാത്ത,
എന്നെ കാണാത്ത,
ഉറക്കത്തില്‍ എന്നെ പേരു ചൊല്ലി വിളിച്ച,
എന്റെ സ്വപ്നമേ....
എന്റെ മുഖത്ത് തറച്ച നിന്റെ കണ്ണുകള്‍
അവ ആണ്ടിറങ്ങിയത് എന്റെ ഹൃദയത്തിലാണ്,
ആഴമേറിയ രണ്ടു ഗര്‍ത്തങ്ങള്‍ സൃഷ്ടിച്ച്‌.........
_______________________________________________


നേര്‍ത്ത വിരലുകള്‍ കൊണ്ട്
ആത്മാവിനെ തൊട്ടുണര്‍ത്താന്‍
ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തുനിന്ന്
ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം... 

_____________________________________________________

എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു
അന്ന്
ഇളം നീല വരകളൂള്ള വെളുത്ത കടലാസില്‍
നിന്റെ ചിന്തകള്‍ പോറിവരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്റെ തൂലിക തുമ്പില്‍
എന്നെ ഉരുക്കുവാന്‍ പോന്നവ
അന്ന് തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന് സൂര്യന്‍ കെട്ടുപോവുകയും
നക്ഷത്രങ്ങള്‍ മങ്ങിപോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും
അനിയന്റെ ആശംസകള്‍ക്കും
അമ്മ വിളമ്പിയ പാല്‍!പായസത്തിനുമിടക്ക്
ഞാന്‍ തിരഞ്ഞത്
നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവില്‍ പഴയ പുസ്തക കെട്ടുകള്‍ക്കിടയ്ക്കുനിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍
അതിന്റെ തുമ്പിലെ അഗ്‌നി കെട്ടുപോയിരുന്നു! 

___________________________________________________________

മടക്കയാത്ര


ശിരസ്സുയര്‍ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത്‌ നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക്‌ പടരുന്ന അഗ്നിയുമെന്നോട്‌ പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്‌
ഞാനിനി തിരിച്ചു പോകട്ടെ