Sunday, April 12, 2015

വീടുമാറ്റം : സച്ചിദാനന്ദന്‍

ഇല്ല വരുന്നില്ലുറക്കം പ്രിയേ, പ്രിയേ,
ചൊല്ലുവതെങ്ങിനെയെന്നുടെയാധികള്‍?

ആരുടെ കാലടികാണുന്നൂ ഞാന്‍ തൂത്തൂ-
വാരിയമുറ്റത്തുമണ്ണില്‍ പുലരിയില്‍?
ആരൊഴുക്കും ചോരയാലെന്‍ തലയിണ
പാതിരാതോറും കുതിര്‍ന്നൊട്ടിവീര്‍ക്കുന്നൂ?
ആരുടെ ബാധയകറ്റുവാന്‍ നെറ്റിയാല്‍ 
പാലമേലാണിയടിച്ചു കേറ്റുന്നു നാം?
ആരറിയുന്നു ചേര്‍ പുത്തിരിച്ചോറി,ലാ-
രാരകത്തന്യമാം ഭാഷമൊഴിയുവോന്‍?
ആരെന്റെ വാക്കിന്റെയര്‍ത്ഥങ്ങള്‍ ചോര്‍ത്തുവോന്‍
ആരെന്റെ ക്രിയകള്‍ കുടുച്ചുവറ്റിക്കുവോന്‍

ഇല്ല,വരുന്നില്ലുറക്ക,മെന്നൂരല്ലി-
തല്ലിതെന്‍ വീട്‌, ഞാനല്ലയെന്‍ മേനിയില്‍

ഇന്നലെക്കൂടിയും കഴിഞ്ഞിങ്ങു
വന്നപ്പോഴോര്‍ക്കതെപോയി ഞാനോമനേ
മുമ്പു നാം പാര്‍ത്തൊരപ്പച്ചയാം വീടിന്റെ-
യുമ്മറത്തോളം,കുളിച്ചുമാമ്പൂവില്‍ ഞാന്‍
പത്തിവിടര്‍ത്തുന്ന ചെമ്പകപ്പൂമണം 
കൊട്ടച്ചെടികളില്‍ ചുറ്റിപ്പിണയവേ
പട്ടില്‍ പൊതിഞ്ഞൊരു ദേവിയെപ്പോല്‍ തന്റെ
തട്ടകത്തില്‍ തണല്‍ വീശിപൂവാകകള്‍

ഇല്ല വരുന്നില്ലുറക്കമെന്‍ വേരുകള്‍ 
വിങ്ങുന്നു, മുങ്ങിമരിക്കുന്നു ശൈശവം.

പച്ചവയല്‍ ചിറകേറ്റിയ 
തത്തകള്‍ 
അത്തിയെപ്പാണനായ്‌ മാറ്റിയ മൈനകള്‍ 
നീലയാം ശക്തിയാല്‍ വാനിലുയരുവോ-
നൂണിന്‍ തളികയാം നൈതലാമ്പല്‍ക്കുളം
കുന്നിന്‍ പുറത്തു പറന്നു മന്ദാരങ്ങള്‍
പോന്നിന്‍ ചിലങ്ക കിലുക്കീ തകരകള്‍
നെല്ലറവാതില്‍ തുറക്കെയെത്തും മണം
നമ്മെത്തലോടി,പിതാമഹര്‍-കര്‍ഷകര്‍-
തന്നൂഷ്മളോച്‌ഛ്വാസമാ,യവര്‍ തന്‍ കൈകള്‍
കൊന്നയ്ക്കു കൊമ്പായ്‌,ചൊരിഞ്ഞു തേന്‍നെഞ്ചൂകള്‍
കണ്ടഫലങ്ങളിലൊക്കെ,നിറച്ചുനീര്‍
കണ്ണൂകള്‍ കാറ്റില്‍, കരിമ്പിന്‍ സിരകളില്‍.

ഇല്ല വരുന്നില്ലുറക്കം പ്രിയേ, ഇങ്ങു
വന്നത്തിപ്പിന്നെനാം വൃദ്ധരായെത്രമേല്‍!

ഈ വീട്ടിലില്ല തേന്‍ കൂടും കുടപ്പനും
ശീലമായ്‌ കയ്‌പുകള്‍,തുപ്പിക്കളയുന്നു.
ഞാന്‍ മധുരങ്ങള്‍, വിഷംനിറഞ്ഞത്രമേല്‍
വായില്‍,മനസില്‍,രക്തത്തി,ലീണങ്ങളില്‍
ഈ വീട്ടിലില്ല മുക്കുറ്റിതന്‍ പൂക്കളില്‍ 
വീണുപൊന്നാവുന്ന പുള്ളുവന്‍ പാട്ടുകള്‍,
ഇല്ലപറന്നുയരുന്നമെതിയടി
ഇല്ലനാടന്‍ മലയാളത്തിലച്‌ഛന്റെ
നല്ലമൊഴിയില്‍ ചുരത്തുമകിടുകള്‍ -
പൊങ്ങും കദളികള്‍-പാടുമുറവകള്‍
നിര്‍ത്തീ മൃഗങ്ങള്‍ സംസാര,മീമുറ്റത്തി-
ലെത്തിനോക്കില്ല പൂരങ്ങള്‍, പുള്ളുകള്‍ 

ഇല്ലവരുന്നില്ലുറക്കം പ്രിയേ,കൊണ്ടു
വന്നൂ പിതൃസ്വമായീ വീട്ടിലെന്തു നാം?

വര്‍ണ്ണധര്‍മ്മങ്ങള്‍ തന്‍ ഗര്‍വങ്ങള്‍,ഊമയായ്‌
പെണ്ണിനെ മാറ്റും സ്മൃതികള്‍,പറയനെ-
ത്തീണ്ടിയാല്‍ വീണുപോം സ്വര്‍ണ്ണദന്തങ്ങളാം
പുണ്യങ്ങള്‍,അന്തിക്കിരതേടിയന്യന്റെ
പെണ്ണിനെത്തിന്ന വായ്‌ 
ശുദ്ധമാക്കാനുണര്‍-
ന്നെന്നും കുലുക്കുഴിയും വേദമന്ത്രങ്ങള്‍,
കോണകവാലിന്റെ നീളത്തിനാലള-
ന്നീടും തറവാട്ടുമേന്മകള്‍,മച്ചിലെ-
ദ്ദൈവങ്ങളെച്ചൂഴ്ന്നുനില്‍ക്കുന്ന രാത്രികള്‍,
ചോരമണക്കും വിരുന്നു മുറിയിലെ
മാനിന്‍ തലകള്‍,കിരാതശിരസ്സുകള്‍,
ഗോപിക്കുറികള്‍,മുറുക്കിച്ചുവപ്പിച്ച
ശ്ലോകത്തിലാടിക്കുഴഞ്ഞുണ്ണിയാടികള്‍,
ഭക്തിപൂര്‍വം തിത്യപാരായണത്തിന്നു
യുദ്ധകാണ്ഡങ്ങള്‍, സിദ്ധാര്‍ത്ഥദഹനങ്ങള്‍
വേളിച്ചരടില്‍ തളഞ്ഞുപോം വീര്യങ്ങള്‍
വേലിവഴക്കില്‍ ശമിക്കുമുറുമികള്‍
ഭാഗിച്ചുകിട്ടീ നമുക്കു: നെല്ലിപ്പൂക്കള്‍
പോയതെ, ങ്ങെങ്ങു പൂച്ചപ്പഴക്കാടുകള്‍

ഇല്ലവരുന്നില്ലൂറക്കം പ്രിയേ,'കാട്ടു
പുല്ലുക'ളെന്നീയുലകിന്‍ പതികളാം?
എങ്ങു കുന്തം പോലെ കൂര്‍പ്പിച്ചൊരിച്‌ഛകള്‍?
എങ്ങൂ കൊറിച്ച്യപ്പടനിലപ്പച്ചകള്‍?

പൊള്ളുകയാണുള്ളൂ
നമ്മളെപ്പെറ്റൊര-
ത്തള്ളപ്പറയി-
യ്‌ക്കുറങ്ങരുതാമേ ! (1987)

No comments:

Post a Comment