Sunday, April 12, 2015

നന്ദിതയുടെ കവിതകള്‍

എന്നെ അറിയാത്ത,
എന്നെ കാണാത്ത,
ഉറക്കത്തില്‍ എന്നെ പേരു ചൊല്ലി വിളിച്ച,
എന്റെ സ്വപ്നമേ....
എന്റെ മുഖത്ത് തറച്ച നിന്റെ കണ്ണുകള്‍
അവ ആണ്ടിറങ്ങിയത് എന്റെ ഹൃദയത്തിലാണ്,
ആഴമേറിയ രണ്ടു ഗര്‍ത്തങ്ങള്‍ സൃഷ്ടിച്ച്‌.........
_______________________________________________


നേര്‍ത്ത വിരലുകള്‍ കൊണ്ട്
ആത്മാവിനെ തൊട്ടുണര്‍ത്താന്‍
ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തുനിന്ന്
ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം... 

_____________________________________________________

എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു
അന്ന്
ഇളം നീല വരകളൂള്ള വെളുത്ത കടലാസില്‍
നിന്റെ ചിന്തകള്‍ പോറിവരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്റെ തൂലിക തുമ്പില്‍
എന്നെ ഉരുക്കുവാന്‍ പോന്നവ
അന്ന് തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന് സൂര്യന്‍ കെട്ടുപോവുകയും
നക്ഷത്രങ്ങള്‍ മങ്ങിപോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും
അനിയന്റെ ആശംസകള്‍ക്കും
അമ്മ വിളമ്പിയ പാല്‍!പായസത്തിനുമിടക്ക്
ഞാന്‍ തിരഞ്ഞത്
നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവില്‍ പഴയ പുസ്തക കെട്ടുകള്‍ക്കിടയ്ക്കുനിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍
അതിന്റെ തുമ്പിലെ അഗ്‌നി കെട്ടുപോയിരുന്നു! 

___________________________________________________________

മടക്കയാത്ര


ശിരസ്സുയര്‍ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത്‌ നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക്‌ പടരുന്ന അഗ്നിയുമെന്നോട്‌ പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്‌
ഞാനിനി തിരിച്ചു പോകട്ടെ 


No comments:

Post a Comment