Tuesday, May 5, 2009

ക്ലാസ്റൂം - എം ആര്‍ വിഷ്ണുപ്രസാദ്

അഞ്ചാമത്തെ പീരീഡിന്റെ മധ്യത്തില്‍വെച്ച്

ചെറുപ്പക്കാരിയായ ടീച്ചര്‍

സ്പൈഡര്‍വുമണാകുന്നു.

അവര്‍ ചോക്കുപൊടി തൂത്തുകളഞ്ഞ്

ഭിത്തിയില്‍ അള്ളിപ്പിടിക്കുന്നു.

ക്ലാസ്റൂമിന്റെ നാലു ചുമരിലും

ഇഴഞ്ഞുനടക്കുന്നു.

അവരുടെ കാഴ്ചപ്പാടില്‍

ഞങ്ങള്‍ തലകീഴായ

മറ്റേതോ ജന്തുക്കളാകുന്നു.

ഭിത്തിയും മേല്‍ക്കൂരയും

ചേരുന്ന ബിന്ദുവില്‍ പറ്റിക്കിടന്ന്

അവര്‍ ഞങ്ങള്‍ക്കു ക്ലാസെടുക്കുന്നു.

അള്ളിപ്പിടിക്കുന്നതിന്റേയും

ഇഴയുന്നതിന്റേയും പ്രാധാന്യം

ഞങ്ങള്‍ക്കു മനസ്സിലാകുന്നു.

വിദ്യ ഞങ്ങളും പഠിക്കുന്നു.

അങ്ങനെ ക്ലാസ്റൂമിലെ

ബഞ്ചും കസേരകളും ശൂന്യമാകുന്നു.

ഞങ്ങള്‍ ടീച്ചര്‍ക്കൊപ്പം

ഭിത്തിയിലും മേല്‍ത്തട്ടിലുമൊക്കെ

ഇഴഞ്ഞുനടക്കുന്നു.

അവിടെയിരുന്ന്

പരസ്പരം കണക്കുചെയ്യുന്നു.

വല നെയ്യുന്നു, കവിത ചൊല്ലുന്നു, ഇരപിടിക്കുന്നു.

ഒടുക്കം ഞങ്ങളുടെ ക്ലാസ്റൂം

ഞങ്ങളുടെയുള്ളില്‍ത്തന്നെയുണ്ടെന്ന്

പിടികിട്ടുന്നു.

ആവശ്യം വരുമ്പോള്‍

ഇടതുവശത്തുള്ള ഭിത്തിയില്‍നിന്ന്

അലമാരയുടെ വക്കിലേയ്ക്ക്

വലിച്ചുകെട്ടുന്നുവെന്നു മാത്രം.

അതുകൊണ്ടാണ് ഞങ്ങള്‍

ഒന്നില്‍നിന്ന് എട്ടിലേയ്ക്കും

പതിനൊന്നില്‍നിന്ന് അഞ്ചിലേയ്ക്കും

രണ്ടില്‍നിന്ന് ആറിലേയ്ക്കുമൊക്കെ

എളുപ്പത്തില്‍ ജയിക്കുകയും

തോല്‍ക്കുകയും ചെയ്യുന്നത്.

No comments:

Post a Comment